ഭ്രാന്ത്
ഇതിനൊന്നും മരുന്നില്ല കേട്ടോ ...
സമയം എടുത്തേ മാറുകയുള്ളൂ ". ഡോക്ടർ കുറിപ്പടി എഴുതിക്കൊണ്ടു പറഞ്ഞു. അതിൽ രോഗിയുടെ സഹകരണം ആവശ്യമാണ്.
അവൾ നിശ:ബ്ദയായി ഡോക്ടറുടെ മുന്നിലിരിക്കുകയാണ് ...
ഞാൻ എന്റെ അവസ്ഥ ഓർത്തു ഹതാശനായി.
കല്യാണത്തിനു മുൻപിതറിഞ്ഞിരുന്നുവെങ്കിൽ ഒരു പക്ഷെ ഇതിൽ നിന്നും ഒഴിവാകാമായിരുന്നു. ഇതിപ്പോൾ കല്യാണം കഴിഞ്ഞു. അവളാണെങ്കിൽ മൂന്നു മാസവും
അമ്മയാണിതിനു പിന്നിൽ ...
എല്ലാം അറിഞ്ഞു കൊണ്ട് എങ്ങനെ മകന്റെ ജീവിതം കൊണ്ട് പന്താടാൻ സാധിക്കുന്നു.
എല്ലാം എന്റെ വിധി ...
ഞാൻ നെടുവീർപ്പിട്ടു.
ഭ്രാന്തുള്ള ഭാര്യയെയും കൊണ്ടെങ്ങനെ ഇനി ജീവിതം മുന്നോട്ടു കൊണ്ടു പോകും ?
കുട്ടിയുടെ അവസ്ഥ എന്താകും ?
അതിനെ ഭ്രാന്തിയുടെ കുട്ടി എന്നല്ലെ ആൾക്കാർ കാണൂ.....?
ജനിക്കുവാൻ പോകുന്ന കുട്ടി ആ സ്റ്റിഗ്മ പേറിയല്ലേ ഇതി ജീവിക്കേണ്ടി വരിക..
അതിനെ അബോർട്ട് ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞപ്പോൾ ഡോക്ടർ കൊന്നില്ലെന്നേയുള്ളൂ..
ചീത്ത പറഞ്ഞ് ചെവി പൊട്ടിച്ചു ! ...
വിദ്യാഭ്യാസം ഉണ്ടായാൽ പോര, വിവരം കൂടി വേണം എന്നും ....
ഞാനാകെ ചൂളിപ്പോയി.
ഞാനനുഭവിക്കണം ആ അപമാനം .... ഒരു പ്രാണനെയല്ലേ സ്വാർത്ഥതപ്പുറത്ത് നശിപ്പിക്കുവാൻ ആവശ്യപ്പെട്ടത് ....
ഞാൻ കുറ്റബോധത്താൽ നീറി.
ഇല്ല എന്തു വന്നും, എത്ര കഷ്ടപ്പെട്ടും അതിനെ വളർത്തും...
*******
ഈ മുറിക്കെന്തിനാണ് ഗ്രില്ലുകൾ ?
ഈ വരാന്തയെവിടേക്കു പോകുന്നു. !
അവരെന്താണ് തടവിലാക്കപെട്ടിരിക്കുന്നത്?
ഞാനെന്തിനാണ് തടവിൽ?
എപ്പോഴാണ് ഞാൻ ജയിലിൽ ആക്കപ്പെട്ടത് .?
ആരെയാണ് ഞാൻ കൊന്നത്? എപ്പോഴാണ് ?
ശവശരീരം എവിടെ ?
ചുറ്റും ദുർഗന്ധം ?. ചീഞ്ഞ എലിയുടെ ഗന്ധം ...?
അല്ല , അതു മനുഷ്യശരീരം ചീഞ്ഞ ഗന്ധം തന്നെ
എത്രയോ ശവശരീരങ്ങൾക്ക് കാവൽ നിന്നിരിക്കുന്നു ...
അന്നൊന്നും തോന്നാത്ത വിധം ദൂർഗന്ധം ...
സഹിക്കുവാൻ വയ്യ ....
വെള്ളക്കോട്ടിട്ട ആ പാറാവുകാരൻ ഇതെങ്ങനെ സഹിക്കുന്നു ?
അയാൾ പക്ഷേ മൂക്കുപൊത്തുന്നില്ലല്ലോ?
ആർക്കും എന്താണ് അനുഭവപെടാത്തത് ?
കട്ടിലിൽ ഇരിക്കുന്ന സഹതടവുകാരൻ നിസംഗതയിൽ ആഴ്ന്നു പോയോ?
അയാൾ ചെയ്ത കുറ്റമെന്താണ് ?
അതോ ..... ഈ നാറ്റം എനിക്കു മാത്രമോ?
ഓരോ നിമിഷം കഴിയുന്തോറും നാറ്റം വർധിക്കുന്നു ....
കട്ടിലിൽ ഇരുന്ന ആളോട് ചോദിക്കാം ...
അയ്യോ ....
ഞാൻ അലമുറയിട്ടു....
കട്ടിലിൽ ഉണ്ടായിരുന്ന ആൾ കിടക്കുകയാണ് ...
അയാളുടെ മൂക്കിൽ നിന്നും പുഴുക്കൾ വമിക്കുന്നു .... കണ്ണിൽ കൂടി ചോരയും പഴുപ്പും കൂടി വമിക്കുന്നു....
മൂക്കുപൊത്തി ഞാൻ പതുക്കെ ആ ശവശരീരത്തിന്റെ അടുത്തേക്കു ചെന്നു.
ഞാനടുത്തു ചെന്നതും ആ വികൃതമായ ശവശരീരം ചാടിയെഴുന്നേറ്റു...
അമ്മേ .... അയ്യോ ... രക്ഷിക്കണേ
ആ ശവം അലമുറയിട്ടു കൊണ്ട് ഗ്രില്ലിൽ പിടിച്ചു ബഹളമുണ്ടാക്കി ...
അയാളുടെ ശരീരം ആകെയിളകിയാടി...
വേറെയും കുറേ ശവങ്ങൾ ഞങ്ങളെ എത്തിനോക്കുന്നു ....
അവർ അട്ടഹസിച്ചു ...
ഗ്രില്ലുകൾ ഇളകുന്ന ശബ്ദം ആ കോറിഡോറിൽ അലയടിച്ചു....
കുറേ വെള്ളക്കോട്ടുകാർ .....
ഇവരെന്തിനാണ് എന്നെ പിടിക്കുന്നത് ? എന്നെ വിടൂ ... ശവ ശരീരം അവിടെയാണ് ... ആ ഗ്രില്ലിൽ അതു തൂങ്ങിയാടുന്നു ...
എന്റെ കൈ .... തിരിക്കല്ലേ .... വേദനിക്കുന്നു
ആഹ്....
കാലുകൾ ..... കൈകൾ .....
*********
നനുത്ത കരങ്ങൾ എന്നെ സ്പർശിച്ചു ...അതിൽ ഞാൻ സ്നേഹത്തിന്റെ മിടിപ്പ് തൊട്ടറിഞ്ഞു ...
എന്റെ ഉന്മാദ അവസ്ഥയിൽ എന്നെ സഹിച്ചവളേ .....
എന്റെ കണ്ണുകൾ തിറഞ്ഞൊഴുകി ....
അവളുടെയും ....
"നോക്കൂ .... നമ്മുടെ മകൻ.."
അമ്മയുടെ കൈയിലിരുന്ന് ആ കുഞ്ഞു കണ്ണുകൾ എന്നെ നോക്കി .... ..
ഒരു പുതിയ ലോകം ആ കണ്ണുകളിൽ ഞാൻ കണ്ടു .
********
This article is sponsored by Gallops Menstrual Cup - Novel alternative to Sanitary Pad
Comments
Post a Comment