ആത്മാവ് നഷ്ടപ്പെട്ട ശരീരങ്ങൾ
നിയമപ്രകാരമുള്ള മുന്നറിയിപ്പ്: വായിച്ചു കിളിപോയാൽ ഞാനുത്തരവാദിയല്ല "അവൾ ആത്മാവില്ലാത്ത ഒരു വെറും ശരീരം മാത്രമാണ്," റയാൻ ഡോക്ടർ അശോക് വർമ്മയോട് പറഞ്ഞു. അശോക് വർമ്മ തന്റെ മുമ്പിലിരിക്കുന്ന റയാനെ സൂക്ഷിച്ചുനോക്കി. റയാൻ ശൂന്യമായ കണ്ണുകളോടെ തന്റെ മുന്നിലിരിക്കുന്ന ടേബിളിലേക്ക് നോക്കിയിരുന്നു. അവന്റെ കൈകളിൽ നിന്ന്, രക്തം ഉണങ്ങിപ്പിടിച്ച പാടുകൾ ഇപ്പോഴുമുണ്ട്. അവന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. "റയാൻ, നിങ്ങൾ ഇങ്ങനെയുള്ള വാക്കുകൾ ഉപയോഗിക്കരുത്," ഡോക്ടർ വർമ്മ സൗമ്യമായി പറഞ്ഞു. "സത്യത്തിൽ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറഞ്ഞാൽ എളുപ്പത്തിൽ ചികിത്സ തുടങ്ങാം." റയാൻ ഒരു ദീർഘനിശ്വാസമെടുത്തു. "ഡോക്ടർ, ഇത് ശരീരത്തിനോ മനസ്സിനോ ഉള്ള രോഗമല്ല. ഇത് ഇതിനും അപ്പുറത്തുള്ള എന്തോ ഒന്നാണ്." വർമ്മ റയാന്റെ മാനസികനില മനസ്സിലാക്കാൻ ശ്രമിച്ചു. കഴിഞ്ഞ ആഴ്ച റയാൻ തന്റെ ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ചു. പോലീസ് ചോദ്യം ചെയ്യലിൽ, റയാൻ ഒരേയൊരു കാര്യം മാത്രമാണ് ആവർത്തിച്ചത്, "അവൾ എന്റെ ഭാര്യയല്ല, അവളുടെ ശരീരത്തിൽ മറ്റെന്തോ ഒന്നാണ്." പോലീസ് റയാനെ ഒരു മാനസികരോ...