കാതർക്കയുടെ പ്രതികാരം (ഒരു പയർ കഥ)

ഒരു പയർ കഥ

മീങ്കാരൻ കാതർ 
അതായിരുന്നു ആ ചേട്ടൻ്റെ / ഞങ്ങൾ വിളിച്ചിരുന്ന പേര്.
ഉൾനാടൻ മത്സ്യ ബന്ധന ഗ്രാമം ആയ എൻ്റെ നാട്ടിൽ മത്സ്യം വിൽക്കുവാൻ വന്ന ആൾ.
എല്ലാ വീടുകളിലും മീൻപിടുത്തം (അഥവാ മത്സ്യ ബന്ധനം) ഉണ്ടായിരുന്നതിനാൽ മിക്കവാറും ദിനങ്ങളിൽ എൻ്റെ വീടിൻ്റെ പരിസരത്തു നിന്നും
കാദറിക്കായ്ക്ക് കച്ചവടം കിട്ടാറില്ലായിരുന്നു.
പന്ത്രണ്ടാം വാർഡിലെ ക്രിസ്ത്യനികൾ ആയിരുന്നു അദ്ദേഹത്തിൻ്റെ കടൽ മത്സങ്ങളായ ചാള, അയല,ചൂര എന്നിവ വാങ്ങിയിരുന്നത് .

"കൊല്ലക്കുടിയിൽ സൂചിവിക്കണ മണ്ടൻ "
മജിസ്രേട്ട് പരമൻ, ഭട്ടിൻ്റെ ചായക്കടയിൽ ഇരുന്നു പറഞ്ഞു . 
 "അവൻ എൻ്റെ പടിഞ്ഞാപ്പുറത്തെ സ്ഥലം ചോദിച്ചു . ഞാങ്കൊടുക്കണില്ലന്നു പറഞ്ഞു , അല്ലേലും എൻ്റെ സ്ഥലം കണ്ട മേത്തനു കൊടുക്കാനുള്ളതല്ല." പരമൻ തൻ്റെ ആഢ്യത്വം വിളമ്പി. കാതർക്ക തലകുനിച്ച് ഇറങ്ങിപ്പോയി.
വേമ്പനാട്ട്കയലിൽ നിന്നും വള്ളക്കണക്കിന് ചരക്ക് (മത്സ്യങ്ങൾ) കരയിൽ പിടിച്ചിട്ട ശേഷം ഉള്ള ഇടവേളകളിൽ നേരം പോക്കാനായി ആൾക്കാർ വരുന്ന സ്ഥലങ്ങളിൽ ഒന്നായിരുന്നു " ഭട്ടതിരി "ൻ്റെ ചായക്കട. ഭാസ്കരൻ എന്നായിരുന്നു "ഭട്ടതിരിയുടെ യഥാർത്ഥ പേര്. "ഭട്ട് " എന്നത് ഇരട്ടപ്പേർ ആയിരുന്നു. ഇരട്ടപ്പേരില്ലാത്ത ആരും അവിടെ ഉണ്ടായിരുന്നില്ല.  

ചില പേരും നാൾ വഴികളും ഇങ്ങനെയാണ്.

"പയർ " ഇരവി - നാട്ടിലെ ലോക്കൽ ചട്ടമ്പി ആയിരുന്നു. സ്ഥിരം അടിപിടി ഉണ്ടാക്കുകയും അതിനെ പ്പറ്റി പിന്നീട് മുട്ടൻ തള്ളുകഥകൾ ഉണ്ടാക്കുകയും ചെയ്തിരുന്നതിനാൽ ആൾക്ക് ആ പേർ വന്നു. (വേറെയും പയറുകൾ ഉണ്ടായിരുന്നു. പയർ അനിയൻ, പയർ രാജു ) ഇവരുടെ 'പയറുകൾ " ആദ്യമായി കേൾക്കുന്ന ആരും യാഥാർത്ഥ്യം ആണെന്ന രീതിയിൽ വിശ്വസിച്ചു പോകും. ദക്ഷിണാ മൂർത്തിയുടെ യഥാർത്ഥ പേര് പാറയിൽ തങ്കപ്പൻ എന്നായിരുന്നു എന്ന പ്രപഞ്ചരഹസ്യം എന്നോട് പറഞ്ഞത് ഈ പയറ് ഇരവിയുടെ മകനായ ജിത്ത് ആയിരുന്നു. ഞാനത് വർഷങ്ങൾക്കുശേഷം എൻറെ ഭാര്യയോട് പറഞ്ഞു അന്നാണ് അവൻ എന്നെ പറ്റിച്ചതാണെന്ന് സത്യം ഞാൻ തിരിച്ചറിഞ്ഞത്. ദൂരദർശനിൽ ശനിയാഴ്ച വരാനിരുന്ന പഞ്ചവടിപ്പാലം എന്ന സിനിമ തുണ്ടുപടം ആണെന്ന് പറഞ്ഞ് അതിലെ
 മുഴുവൻ കഥ വളരെ തന്മയത്വത്തോടെ അവൻ ഞങ്ങളുടെ സ്കൂൾ ബഞ്ചിൽ ഇരുന്ന് ആവേശഭരിതരാക്കിയത് ഇന്നലെ പോലെ ഓർക്കുന്നു. 
" മന്ത്രി " മഹാദേവൻ.- ചേർത്തലയിൽ നിന്നും ഏതൊ കൊതുക് സംഭാവന ചെയ്ത മന്ത് തൻ്റെ ഇടംകാലിൽ ഏറ്റു വാങ്ങിയ മനിതൻ. സ്ഥിരം ബാർബർ ഷാപ്പിൻ്റെ അല്ലെങ്കിൽ ദേവസ്സിയുടെ കള്ളുഷാപ്പിൻ്റെ പരിസരത്തു കാണും. ഇവിടെയില്ലെങ്കിൽ ആള് മീൻ പിടിക്കാൻ പോയിട്ടുണ്ടാകും.

"ജഡ്ജി" സുകുമാരൻ: ഇദ്ദേഹം ജീവിച്ചിരുന്ന കാലത്ത് നാട്ടിലെ വലിയൊരു പ്രമാണിയായിരുന്നു. ചെറിയ കാര്യങ്ങൾക്ക് പോലും വലിയ വലിയ തീരുമാനങ്ങൾ എടുക്കുകയും തീർപ്പു കൽപ്പിക്കുകയും ചെയ്തിരുന്നു അദ്ദേഹം. 

"ഭട്ടതിരി" -ഭാസ്കരൻ യഥാർത്ഥ പേര് .സംസാരത്തിനിടയിൽ പക്ഷേ എന്ന വാക്ക് സ്ഥിരം ചേർക്കും മഹാഭാരതം ഇറങ്ങിയ സമയത്ത് "परंतू" (Paranthu) എന്ന് പറഞ്ഞതുപോലെ പക്ഷേയുടെ ഇംഗ്ലീഷ് പരിഭാഷയായ "BUT" അത് പിന്നീട് ഭട്ടതിരി ആയി

അധികം ആൾക്കാർ വാങ്ങിക്കാത്തതു കൊണ്ടായിരിക്കാം, ചിലപ്പോഴൊക്കെ കാതറിക്കയെ കാണാറില്ലായിരുന്നു. ചില സുപ്രഭാതങ്ങളിൽ അദ്ദേഹത്തിൻറെ പീപ്പിയുടെ കൂറ ശബ്ദം എൻറെ ഉറക്കംകെടുത്തിരുന്നു കൂട്ടത്തിൽ സൈക്കിളിന്റെ ബെല്ലടിയും. കാദർക്ക കച്ചവടം തുടർന്നുകൊണ്ടേയിരുന്നു 

വയസ്സായിട്ട് പല ഇരട്ടപ്പേരുകാരും അരങ്ങൊഴിഞ്ഞു. ചിലരുടെ മക്കൾ അവരുടെ ഇരട്ടപ്പേരുകൾ സ്വന്തമാക്കി ഭട്ടിൻ്റെ ചായക്കായിൽ ഇരിപ്പായി. ഭട്ട് കാഷ്യർ മേശയിൽ നിന്നും ചുമരിലേ ചില്ലിട്ട ഫ്രെയിമിൽ കയറി. ഈയിടെ യൂട്യൂബുകാരൻ ബട്ടിന്റെ സവാള വടയുടെ വിവരങ്ങൾ ഇട്ടിരുന്നു അതിനുശേഷം കുറെ ന്യൂജൻ പിള്ളേരുടെ ബൈക്കുകൾ എപ്പോഴും അവിടെ കാണുമായിരുന്നു. 

കാദർക്ക വയസ്സായെങ്കിലും കച്ചവടം കുറഞ്ഞില്ല കൂടിയതേയുള്ളൂ. കാദർക്കക്ക് ഇപ്പോൾ ജംഗ്ഷനിൽ ഒരു മീൻ കടയുണ്ട് അതുപോലെ തന്നെ രണ്ടെണ്ണം അരൂകുറ്റിയിലും ഒരെണ്ണം തമ്പലയിലും ഉണ്ടെന്നാണ് പറഞ്ഞു കേൾക്കുന്നത്. വേമ്പനാട്ടുകായലിൽ പ്ലാസ്റ്റിക് കയറി ആഴം കുറഞ്ഞതിനാൽ പഴയപോലെ മീൻ വരവില്ല. മീൻ പിടുത്തക്കാർക്ക് ഇപ്പോൾ കെട്ടിടം പണിക്ക് പോവുകയാണ്: ബംഗാളികൾ വന്നതിൽ പിന്നെ ആ പണിയുമില്ല.
" ഊണിയൻ കാർ വഴി കേറുന്ന പണി മാത്രമേ ഇപ്പളൊള്ളൂ " ഭഗവാൻ ഭാർഗവൻ്റെ മകൻ പറഞ്ഞു.

കാതറിക്കയുടെ ചമ്പക്കരയിലെ കടയിൽ നിന്നും ചരക്കെടുത്തു വിൽക്കുന്ന മീങ്കാരൻ ബാബുവിന് ഇപ്പോൾ നല്ല കച്ചവടം ആണ്. കൊല്ലക്കുടിയിൽ പഴയ പോലെ മീൻ കിട്ടുന്നില്ല. വരത്തരായ പെണ്ണുങ്ങൾക്കും അയലയോടും ചൂര കേര ഇത്യാദിമീനുകളോടാണ് പ്രിയം . അതാകുമ്പോൾ വെട്ടിക്കിട്ടും നേരെ കഴുകി അടുപ്പത്തു വെച്ചാൽ മതി.

"പെണ്ണുങ്ങ പഴയ പോലെ പണിയെടുക്കില്ലെന്നേ" മിനി എന്ന സൗദാ - മിനി . ജയൻ സിനിമയിൽ കത്തിനിന്ന കാലത്ത് 
സൗദയെന്ന മുസ്ലീം പെൺകൊടി രാവൻ എന്ന് വിളിക്കുന്ന രാഘവൻ എന്ന  തെങ്ങുകയറ്റക്കാരൻ്റ് കൂടെ ഇറങ്ങിപ്പോന്നു സൗദാമിനിയായ കഥ  ഇപ്പോഴും രോമാഞ്ചത്തോടെ കല്യാണ വീടുകളിലെ തലേ ദിവസം പറയാറുണ്ട്. കാതർക്ക മീനെടുത്തിരുന്ന സേട്ടിൻ്റെ മൂന്നാമത്തെ മകളായിരുന്നു സൗദ . സിനിമാനടൻ ജയൻ്റെ ലുക്കുള്ള രാവൻ
ചേട്ടനെ അന്ന് പല പെൺ കൊടിമാരും പ്രേമിച്ചിരുന്നു എന്ന് പറയാറുണ്ട്. അമ്മായിയും അതിൽ ഒരു കക്ഷിയായിരുന്നത്രെ. സത്യമെന്തായാലും, രാവൻ ചേട്ടൻ ഉള്ളപ്പോൾ അമ്മാവൻ്റെ പെടപ്പും അമ്മായിയുടെ നാണവും നല്ല രസമുള്ള കാഴ്ചയായിരുന്നു. 

( വായിക്കൂ സൗദയുടെയും കഥ)

"ഈ കെളവിയുടെ ശൃംഗാരം " 
 എന്നു പറഞ്ഞ് അവരുടെ മകൻ, എൻ്റെ കൂട്ടുകാരനും ആയ ധർമ്മം ബാബു അരിശം കൊണ്ടിരുന്നു. ഇപ്പോൾ, അതായത് ഈ നാൽപ്പത്തിയെട്ടാം വയസിൽ ഞാൻ എന്നെ കാണുന്നത് പഴയ 18 വയസുകാരനായ തന്നെയാണ് എന്ന് ഓർക്കുമ്പോൾ അമ്മായി നാണിച്ചതിൽ അത്ഭുതമില്ല

കാതർക്ക ഇയ്യിടെ 25 സെൻ്റ് വീടും സ്ഥലവും കൂടി വാങ്ങിയിരുന്നു . സെൻ്റിന് നാലായി എന്നാണ് രാമു ബ്രോക്കർ പറഞ്ഞത് എന്നു വെച്ചാൽ ഒരു കോടി . സൈക്കിളിൽ വന്നിരുന്ന കാതർക്ക പക്ഷെ വന്നത് ഒരു ബെൻസിൽ ആയിരുന്നുവെന്ന് മാത്രം . ആ സ്ഥലം വിറ്റത് മയിസ്രേട്ട് പരമൻ്റെ മക്കളും വാങ്ങിയത് കാതർക്കയും ആയിരുന്നു. ബാങ്ക് ജപ്തി ഒഴിവാക്കാനും കുറച്ചു കാശിനും ആയി അവർ വിറ്റതാണത്രെ . വീട് ആധാരം നടത്തിയ ശേഷം കാതർക്ക ആ വീടിൻ്റെ ചുമരിലേക്ക് നോക്കി. മയിസ്രേട്ട് പരമൻ
ചില്ലിനകത്തു നിന്നും കാതർക്കയെ നോക്കി, കാതർക്ക പുഞ്ചിരിച്ചു.


വാൽക്കഷണം : ഈ പറഞ്ഞത് മൊത്തം പയറാണ് കേട്ടോ. 

ക്രെഡിറ്റ്: 

കഥ എൻ്റെതു മാത്രം ആണെങ്കിലും
ഇതിൽ വെച്ചിരിക്കുന്ന ഫോട്ടോകൾ 
എടുത്തിരിക്കുന്നത് ദാ ഈ ആൾക്കാർ ആണ്. 👇

Comments

Popular posts from this blog

ആത്മാവ് നഷ്ടപ്പെട്ട ശരീരങ്ങൾ

മറഞ്ഞിരിക്കുന്ന ദംഷ്ട്രങ്ങൾ

ഗന്ധർവ്വ ക്ഷേത്രവും സർവം മായയും