പ്രകൃതി ദുരന്തങ്ങളും നഷ്ടപരിഹാരവും
പ്രകൃതി ദുരന്തങ്ങൾ വരുമ്പോൾ എല്ലായ്പ്പോഴും കേൾക്കുന്ന ഒന്നാണ് ദുരന്തങ്ങൾ നടന്ന സ്ഥലങ്ങളിൽ ജനങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാര പാക്കേജു വളരെ കുറവാണ് അപര്യാപ്തമാണ് എന്നൊക്കെ . എപ്പോഴാണ് ഒരു പാക്കേജ് പര്യാപ്തമാകുന്നത്? എങ്ങനെയാണ് ആ പാക്കേജ് അയാൾക്ക് പര്യാപ്തമാണ് എന്ന് കണക്കാക്കുന്നത്? ഒരു വർഷം പതിനായിരം രൂപ സമ്പാദിക്കുന്ന ഒരു വ്യക്തിക്കും ഒരു ലക്ഷം രൂപ സമ്പാദിക്കുന്ന വ്യക്തിക്കും ഒരേ നഷ്ടപരിഹാരം പര്യാപ്തമാകുമോ?
1.എന്തിന് നഷ്ടപരിഹാരം നൽകണം?
പ്രകൃതി ദുരന്തം സംഭവിച്ചു കഴിയുമ്പോൾ അവിടെ ഒരു വ്യക്തിയുടെ അല്ലെങ്കിൽ ഒരു സമൂഹത്തിൻറെ ഉപജീവനമാർഗ്ഗവും സമീപകാലത്തേക്കുള്ള വരുമാനഷ്ടവും ഉണ്ടാവുകയാണു ചെയ്യുന്നത്. ഇത് ആ സമൂഹം അഥവാ വ്യക്തി പ്രതിനിധാനം ചെയ്യുന്ന സമ്പദ് വ്യവസ്ഥയെ ചെറിയൊരു കാലത്തേക്ക് സാമ്പത്തികമായി ഞെരുക്കിയേക്കാം. ഒരുപക്ഷേ അവിടുത്തെ വരുമാന രീതികൾ തന്നെ മാറിയേക്കാം. അങ്ങനെ വരുമ്പോൾ രാജ്യത്തിൻറെ സമ്പത്ത് സ്രോതസ്സിലേക്ക് ആ സമൂഹം നൽകുന്ന വരുമാനത്തിൽ ഇടിവു ഉണ്ടാവുകയും സാമ്പത്തിക ഞെരുക്കത്തിലേക്ക് നയിക്കുകയും ചെയ്യാം. ഇത് ഒഴിവാക്കുന്നതിനും ആ പ്രദേശത്തെ ആ സമൂഹത്തെ രാജ്യത്തിൻറെ മുഖ്യധാരയിലേക്ക് വളരെ വേഗം കൊണ്ടുവരുന്നതിന് താങ്ങായാണ് നഷ്ടപരിഹാരം നൽകുന്നത്. ഒരു സംസ്ഥാനത്തിന്റെ അഥവാ രാജ്യത്തിൻറെ ഖജനാവിൽ നിന്നുമാണ് ഈ തുക പോവുക.
ഖജനാവിലേക്ക് വരുമാനം നൽകുന്നത് അവിടെ നിലനിൽക്കുന്ന വിവിധതരത്തിലുള്ള നികുതി നൽകുന്ന ജനങ്ങളാണ്. അപ്പോൾ നഷ്ടപരിഹാരം എന്നത് വർഷങ്ങളായി ആ സമൂഹം സംസ്ഥാനത്തിന്റെ ഖജനാവിലേക്ക് , സമ്പദ് വ്യവസ്ഥയിലേക്ക് നൽകിയിരിക്കുന്ന വരുമാനത്തിന്റെ പലിശയെന്നോ തിരിച്ചു നൽകൽ എന്നോ വ്യാഖ്യാനിക്കാവുന്നതാണ്. അങ്ങനെ വരുമ്പോൾ ആ സമൂഹം രാജ്യത്തിന് നൽകിയ, നൽകാൻ ഇടയുള്ള സംഭാവന എന്താണ് എന്ന് കണക്കാക്കേണ്ടി വരും
2. ആ സമൂഹം അഥവാ ആ വ്യക്തി രാജ്യത്തിന് നൽകുന്ന സംഭാവന എന്താണ്?
രാജ്യത്തിൻറെ നികുതി ഘടന പരിശോധിക്കുകയാണെങ്കിൽ കൃത്യമായും നികുതി നൽകുന്നത് ശമ്പളക്കാരാണെന്ന് മനസ്സിലാവും അതിനുശേഷം ആണ് മറ്റുള്ളവർ വരിക. കാലഘട്ടങ്ങളിലുള്ള നികുതിയുടെ ഒഴിവുകൾ പ്രകാരം കർഷകർ മറ്റ് മുൻഗണന പട്ടികയിൽപ്പെട്ട ആളുകൾ എന്നിവർ അവർക്ക് അവകാശപ്പെട്ട നികുതി ഒഴിവുകൾ കഴിഞ്ഞുള്ള തുക വരുമാന നികുതിയായി അടച്ചാൽ മതി. അതായത് നികുതി ഒഴിവുകൾ കണക്കാക്കുന്നത് സമൂഹത്തിന് അവർ നൽകുന്ന സംഭാവനകളുടെ സാമ്പത്തിക അടിസ്ഥാനത്തിലുള്ള കണക്കാക്കലിന്റെ പുറത്താണ്. ഒരു ലക്ഷം രൂപ സമ്പാദിക്കുന്ന മാസശമ്പളക്കാരനും അതേ വരുമാനമുള്ള കച്ചവടക്കാരനും വരുമാന നികുതിയായി നൽകുന്നത് വളരെ വ്യത്യസ്തമായ തുകകൾ ആയിരിക്കും. ചിലപ്പോൾ കച്ചവടക്കാരൻ ഒരു തുക പോലും നൽകാതെ നികുതി വെട്ടിച്ചു എന്നും വരാം. അങ്ങനെ വരികിൽ ഒരു ദുരന്തം വന്നു കഴിഞ്ഞാൽ ആർക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്? കൃത്യമായി നികുതി നൽകുന്ന മാസശമ്പളക്കാരനോ അതോ നികുതിവെട്ടിപ്പിക്കുന്ന കച്ചവടക്കാരനോ? രണ്ടുപേർക്കും നൽകേണ്ടത് ഒരേ നഷ്ടപരിഹാരമാണോ?
3. ഇതിനെന്താണ് പരിഹാരം?
തീർച്ചയായും ശമ്പളക്കാരൻ നികുതി വെട്ടിക്കുന്ന കച്ചവടക്കാരനേക്കാളും കൂടുതൽ അധികം കൂടുതൽ വേഗത്തിൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ കൃത്യമായി നികുതിയടക്കുന്ന ഒരു നികുതി ദാതാവിന് ഒരു നികുതി വെട്ടിപ്പുകാരനെക്കാൾ സമൂഹത്തിൽ നിന്നും ദയക്കും നഷ്ടപരിഹാരത്തിനും അർഹതയുണ്ട്. വേറൊരു രീതിയിൽ പറഞ്ഞാൽ സമൂഹത്തിലേക്ക് കൂടുതൽ വരുമാനം നൽകുന്ന വ്യക്തിക്ക് കുറവ് വരുമാനം നൽകുന്ന വ്യക്തിയെക്കാൾ കൂടുതൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്
എല്ലാ തരത്തിലും ഉള്ള ജനങ്ങളെ നികുതിയുടെ കീഴിൽ കൊണ്ടുവരിക എന്നതാണ് ഇതിന് പരിഹാരം . അവരവർ അവരവരുടെ വരുമാനം എല്ലാ വർഷവും വെളിപ്പെടുത്തി അതിനനുസരിച്ചുള്ള നികുതിയടക്കട്ടെ. ഒരാളെ പോലും വരുമാനനികുതി റിപ്പോർട്ട് അഥവാ ഇൻകംടാക്സ് റിട്ടേൺ സമർപ്പിക്കുന്നതിൽ നിന്നും ഒഴിവാക്കരുത്.
4. എത്രയാണ് നഷ്ടപരിഹാരം നൽകേണ്ടത്?
ഒരു വ്യക്തി സമൂഹത്തിൽ നൽകുന്ന വരുമാന നികുതിക്ക് അടിസ്ഥാനപരമായ ചില ഒഴിവുകൾ ഉണ്ട്. ഈ ഒഴിവുകൾ വരെ അയാൾ നികുതി അടയ്ക്കേണ്ട കാര്യമില്ല. സമൂഹത്തിന് അത്രയും സംഭാവന അയാൾ നൽകുന്നു അതിലേക്ക് സമൂഹം നികുതി അടക്കുന്നതിലേക്ക് അയാളെ ഒഴിവാക്കിയിരിക്കുന്നു എന്നതാണ് അത് എന്നാൽ സമൂഹത്തിന് എങ്ങനെയാണ് അയാൾ സംഭാവന നൽകി എന്ന് മനസ്സിലാക്കുക ആയതിലേക്ക് അയാളുടെ വരുമാന കണക്ക് രാജ്യത്ത് ബോധിപ്പിക്കേണ്ടതുണ്ട് അങ്ങനെ ബോധിപ്പിക്കുന്ന ഒരാൾക്ക് ഒരു പ്രകൃതി ദുരന്തം ഉണ്ടായാൽ കുറഞ്ഞപക്ഷം അയാളുടെ ഒരു വർഷത്തെ വരുമാനം എങ്കിലും നഷ്ടപരിഹാരമായി നൽകേണ്ടതാണ്. ഒരുമിച്ച് നൽകിയില്ല എങ്കിൽ രണ്ടു മൂന്നു ഘട്ടങ്ങൾ ആയി നൽകിയാലും മതി. ഇത് അയാളെ സാമ്പത്തികപരമായി ഉള്ള ആഘാതത്തിൽ നിന്നും സംരക്ഷിക്കുകയും അയാളുടെ പുനരുദ്ധാരണത്തിന് കുറഞ്ഞത് ഒരു വർഷം സമയം അയാൾക്ക് നൽകുകയും ചെയ്യും. കൂടുതൽ നികുതിയടക്കുന്ന ആൾക്കാർക്ക് അതിൻറെതായ് രീതിയിൽ നഷ്ടപരിഹാര തുകയിൽ വർദ്ധനവ് വരുത്തേണ്ടത് ആണ്. എങ്കിൽ മാത്രമേ അയാളുടെ വരുമാനത്തിന്റെ ഇടിവ് സമ്പദ് വ്യവസ്ഥയിൽ ആഘാതം ഉണ്ടാക്കാതെ ഇരിക്കുകയുള്ളൂ.
ചുരുക്കത്തിൽ പറഞ്ഞാൽ സമൂഹത്തിലേക്ക് എന്ത് സംഭാവനയാണോ നൽകുന്നത് ആ സംഭാവനയ്ക്ക് അനുസരിച്ചുള്ള നഷ്ടപരിഹാരത്തിനാണ് ആ വ്യക്തി അർഹനാവുക.
എന്താണ് നിങ്ങളുടെ ചിന്ത? ഇതിൻ്റെ മറുവശം എന്താണ്?
Comments
Post a Comment