ചില ദൈവ(സാത്താൻ) ചിന്തകൾ

ഒരു നാട്ടിൽ ഒരിക്കൽ രണ്ടു ധനികർ എത്തിച്ചേരുന്നു, രാമുവും രാജുവും . ലഭ്യമായ സുഖ സൗകര്യങ്ങളുടെ കസ്റ്റോഡിയന്മാരാണ് ഇവർ പക്ഷെ രണ്ടു വിഭിന്ന ധ്രുവങ്ങളിലെ സ്വഭാവക്കാർ ആണ്. ഇവരുടെ കയ്യിലുള്ള സമ്പത്ത് ചെലവാക്കിയാൽ മാത്രമേ ഇവർക്ക് നാട്ടിലെ പ്രമാണിമാരായി നിലനിൽപുള്ളൂ . ഇവർ രണ്ടു പേരും തങ്ങളുടെ പക്കലുള്ള ധനം തങ്ങളുടെ ആശ്രിതർക്ക് നൽകുവാൻ താൽപര്യമുള്ളവർ ആണ് പക്ഷെ അതിനു മുൻപായി അവർ സന്തോഷിക്കണം, അവരെ സന്തോഷിപ്പിക്കണം. രാജുവിന് സമ്പത്ത് നൽകുവാൻ താൽപര്യമുണ്ടെങ്കിലും ആയത് കൊട്ടിഘോഷിച്ചു നടക്കുവാൻ താൽപര്യമില്ല. എന്നാൽ രാമുവാകട്ടെ തൻ്റെ സമ്പത്ത് തന്നെ പ്രസാദിപ്പിക്കുന്നവർക്ക് നൽകുവാൻ തയ്യാറാണെന്ന് കൊട്ടിഘോഷിച്ചു നടക്കുന്നു. എന്നാൽ സമ്പത്ത് നേടുന്നതിലേക്കുള്ള പാത ഇടുങ്ങിയതും കഠിനവുമത്രെ. ഒരു പക്ഷെവൻ കഷ്ടപ്പാടുകൾക്കു ശേഷവും നിങ്ങൾക്ക് ഇഹത്തിൽ സമ്പത്ത് നേടുവാൻ സാധിച്ചില്ല എങ്കിൽ പരത്തിൽ നേടുവാൻ സാധിക്കും. പരീക്ഷണങ്ങൾ രാമുവിന് ഇഷ്ടമാണ് അതിനാൽ തന്നെ രാമുവിൻ്റെ പരീക്ഷണങ്ങളെ നേരിടുന്നതിനുള്ള എളുപ്പ വഴികൾ ഗ്രന്ഥങ്ങളായി ലഭ്യമാക്കപ്പെട്ടിട്ടുണ്ട്. ധാരാളം കഥകളും ഉപകഥകളും ചൊല്ലുകളും മൊഴികളുമായി അത് ജനങ്ങൾക്കിടയിൽ പ്രചരിക്കുന്നു. 

 രാജുവാകട്ടെ ഇത്തരം പ്രചരണങ്ങളിലും കുപ്രചരണങ്ങളിലും താൽപര്യമില്ലാത്ത അന്തർമുഖനായ വ്യക്തിയാണ്. തന്നെ സമീപിക്കുന്നവർക്ക് തൻ്റെ സമ്പത്തിൻ്റെ ഭാഗം നൽകുന്നതിലേക്കായി യാതൊരു വിധ മടിയും കാണിക്കുന്നില്ല. തന്നെ പൂജിക്കണമെന്നു പോലും ആവശ്യപ്പെടുന്നില്ല. ലോകത്തിലെ സുഖസൗകര്യങ്ങളുടെ കസ്റ്റോഡിയനായ അയാൾ തന്നോട് ആവശ്യപ്പെടുന്നവർക്കും അല്ലാത്തവർക്കും അവ നൽകുന്നു. അയാൾ ഇഹലോകത്തിലാണ് ഇതൊക്കെ നൽകുന്നത് പരത്തിലല്ല (മരണ ശേഷമല്ല). 

അങ്ങനെയിരിക്കെ നാട്ടിൽ ഒരു സന്യാസി എത്തുന്നു. ഇവരുടെ പ്രവർത്തി കണ്ട് ഇവരെക്കുറിച്ച് വസ്തുനിഷ്ഠമായി വിലയിരുത്തുന്നു. അയാളുടെ കണ്ടെത്തലുകൾ ഇതാണ്

1. രാമുവിന്റെ ഭക്തന്മാർ അന്ധരാണ് : അവർ ഹിംസകർ ആണ്. രാമുവിൻ്റെ പ്രീതിക്കായി പരസ്പരം പോരടിക്കുന്നതിനും കൊലപാതകം ചെയ്യുന്നതിനും മടിക്കുന്നില്ല. 
2. രാമുവിൻ്റെ വിനോദം എന്നത് തന്നെ ആശ്രയിച്ചു വരുന്നവരെ പീഢിപ്പിക്കുക എന്നതാണ്. എന്നാൽ സാഡിസ്റ്റായ രാമുവിനെയാണ് ഭൂരിഭാഗം ആളുകൾക്കും ഇഷ്ടം.
3. മാർക്കറ്റിംഗിൽ വിദഗ്ധരായ ഇടനിലക്കാർ രാമുവിനെ പ്രസാദിപ്പിക്കുവാനുള്ള മാർഗ്ഗങ്ങൾ പ്രചരിപ്പിച്ച് പണം കൊയ്യുന്നു. രാമുവിനെ ആരാധിക്കണമെങ്കിൽ പണം അങ്ങോട്ട് നൽകണം
4. കോടാനുകോടി സമ്പത്ത് രാമുവിൻ്റെ പേരിൽ ഇടനിലക്കാർ സമ്പാദിക്കുന്നു. 
5. രാജുവിനെതിരെ അയാൾ കുപ്രചരണം നടത്തുന്നു. രാജു സാത്താനാണെന്നും അയാളുടെ സമ്പത്ത് ശപിക്കപ്പെട്ടതാണെന്നും പ്രചരിപ്പിക്കുന്നു. മാത്രമല്ല, മാർക്കറ്റിംഗ് മെറ്റീരിയലുകളിൽ അത്തരം വളച്ചൊടിക്കലുകൾ ധാരാളം നടത്തുന്നു.

അവസാനം ആ സന്യാസി വലിയ കണ്ടെത്തൽ നടത്തുന്നു. രാമു യഥാർത്ഥത്തിൽ രാമുവല്ല, അയാൾ രാമുവിൻ്റെ വേഷം കെട്ടിയ രാജുവാണ്. രാമു ഒരിക്കലും തൻ്റെ ഭക്തന്മാരെ കഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്നു മാത്രമല്ല, വലിയ സങ്കീർണ്ണങ്ങളായ ഉപാധികളൊന്നും തന്നെ വയ്ക്കുന്നില്ല. തന്നെ എങ്ങനെ ആരാധിക്കുവാൻ താൽപര്യപ്പെടുന്നുവോ അങ്ങനെ ആരാധിക്കുക എങ്ങനെ കാണുവാൻ ആഗ്രഹിക്കുന്നുവോ അങ്ങനെ കാണുക

******
തുടക്കത്തിൽ തന്നെ പറയട്ടെ, ഇതിനെ ദൈവഭക്തനായ നിങ്ങള് Blasphemy/ ദൈവ നിഷേധം എന്ന് വിളിച്ചേക്കാം. എന്നാൽ യഥാർത്ഥ ദൈവം ആരാണ്? കാലാകാലങ്ങളായി നമ്മളെ പഠിപ്പിച്ചു വന്നിരുന്നത് ആണോ യാഥാർത്ഥ്യം അതോ സാത്താനെ ആണോ ദൈവം എന്ന് പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്? ഈ മതങ്ങളൊക്കെ രൂപീകരിച്ചത് സാത്താൻ തന്നെയാണോ?. ദൈവം എന്നത് യഥാർത്ഥത്തിൽ ദൈവം തന്നെയാണോ അതോ സാത്താൻ ദൈവത്തിൻറെ വേഷം കെട്ടിയിരിക്കുന്നതാണോ ?

ഒരു വ്യക്തി ജനിച്ചു വീഴുമ്പോൾ അയാളുടെ മാതാപിതാക്കളുടെ മതത്തിലേക്കാണ് ജനിച്ചു വീഴുന്നത് അവർ വിശ്വസിക്കുന്ന ദൈവങ്ങൾ, അവർ പിന്തുടരുന്ന ആചാരങ്ങൾ, അവരുടെ ചിന്തകൾ,, പ്രവർത്തികൾ ഒരു വ്യക്തിയെ രൂപീകരിക്കുന്നു കുട്ടിക്കാലം മുതൽ തന്നെ ദൈവസങ്കല്പം എന്നത് കഷ്ടതയിൽ അധിഷ്ഠിതമായ ഒന്നാണ് എന്നും ദൈവം എന്നത് നമ്മെ ചിരന്തരം പരീക്ഷിച്ചു കൊണ്ടിരിക്കുന്നു എന്നതുമാണ്. നമ്മുടെ മാതാപിതാക്കളും ഇതേ ചിന്ത അവരുടെ മാതാ പിതാക്കളുടെ പക്കൽ നിന്നും കൈപ്പറ്റി ദൈവസങ്കൽപങ്ങൾക്ക് രൂപീകരണം നൽകിയിരിക്കുന്നു. (ഒരു ആശയം വലിയ ഒരു ഗ്രൂപ്പ് ആളുകൾ തമ്മിൽ കൈമാറുമ്പോൾ യഥാർത്ഥ ആശയം എങ്ങനെ വികലമാക്കപ്പെടുന്നു എന്നത് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.) ചിലർ പിൽക്കാലത്ത് പുതിയ വിശ്വാസങ്ങളും പുതിയ രീതികളും പിന്തുടരുന്നു. ആത്യന്തികമായി എല്ലാ മതങ്ങളും അവരുടെ ദൈവസങ്കൽപങ്ങൾ മാതാപിതാക്കളും മറ്റു പ്രചരണ ഉപാധികളും വഴി ദൈവസങ്കൽപത്തെ തലമുറകൾ കൈമാറി പഠിപ്പിച്ചുവരുന്നു. ഇതിൽ ഏറ്റവും വിഖ്യാതമായ സങ്കൽപവ്യാഖ്യാനം "ദൈവത്തിങ്കലേക്കുള്ള വഴി ഇടുങ്ങിയതും കഷ്ടപ്പാടും നിറഞ്ഞതാണ് " എന്നതാണ്. . 

 എളുപ്പത്തിൽ കിട്ടുന്നതൊക്കെ സാത്താന്റെ സാത്താൻറെ വഴിക്ക് ചെല്ലുന്നതിനു വേണ്ടിയുള്ള വിവിധ രൂപങ്ങളാണ് എന്നെല്ലാമാണ്. 

കഷ്ടപ്പെടുത്താൻ നമ്മൾ എന്ത് തെറ്റ് ചെയ്തു. എന്തിന് ദുഷ്ടന്മാരെ പന പോലെ വളർത്തുന്നു ? നമ്മളെ കഷ്ടപ്പെടുത്താൻ മാത്രമായിട്ട് എന്തിനാണ് ഒരു ദൈവം.? ഈ ചോദ്യം പലപ്പോഴായി ഉയർന്നതും കേട്ടിട്ടുള്ളതുമാണ്.

കഷ്ടപ്പെടുന്നവന്റെ കൂടെയാണ് ദൈവം നമ്മെ പരീക്ഷിക്കുന്നു പരീക്ഷകളുടെ അവസാനം ദൈവം നമ്മുടെ കൂടെ നിൽക്കുന്നു ഇതൊക്കെ പ്രഖ്യാപിത വിശുദ്ധ മതങ്ങളിലെ സാരാംശങ്ങൾ ആണ്. ചുരുക്കത്തിൽ ദൈവവിശ്വാസികൾ വിശ്വസിക്കുന്നത് ദൈവത്തിൻറെ കയ്യിൽ കേവലം ദുഃഖം മാത്രമാണ് ഉള്ളത് എന്നാണ്.

മത സങ്കൽപങ്ങളിൽ ഉദാഹരിക്കുന്ന പ്രകാരം കഷ്ടപ്പാടുകളുടെ ഇടുങ്ങിയ ഒരു ടണലിന്റെ അറ്റത്ത് കാണുന്ന പ്രകാശം അതാണ് സ്വർഗത്തിലേക്കുള്ള കവാടം. ഹൂറികളുടെ ശാന്തിനികേതനം.  

നമ്മുടെ ഇഹലോക ജീവിതത്തിലെ സുഖങ്ങൾ എല്ലാം കസ്റ്റഡിയിൽ വച്ചിരിക്കുന്നത് സാത്താൻ എന്ന് പേരിട്ടു വിളിക്കുന്ന , ദൈവമെന്ന് നാം വിളിക്കുന്ന , ദൈവത്തേക്കാൾ ശക്തിമത്തായ ആയ ഒരാളാണ്. സാത്താൻ ശക്തിമത്തായതാണ് എന്ന് പറയാൻ കാര്യം സുഖങ്ങളുടെ കസ്റ്റോഡിയൻ സാത്താൻ ആണ് എന്നത് തന്നെയാണ് . സാത്താൻ യഥാർത്ഥത്തിൽ സാത്താൻ ആയിരുന്നുവെങ്കിൽ അയാളുടെ കസ്റ്റഡിയിൽ മഹാമാരികൾ, ദാരിദ്ര്യം വിശപ്പ് രോഗങ്ങൾ മാറാരോഗങ്ങൾ സുഖമില്ലായ്മ ഭ്രാന്ത് തുടങ്ങിയ അമൂല്യ ദുഃഖങ്ങൾ ആയിരുന്നു വരേണ്ടിയിരുന്നത്. പകരം അയാളുടെ കൈവശമുള്ളത് ലോകങ്ങളിലെ എല്ലാവിധ സുഖങ്ങളും ആണ്. അയാൾക്ക് ദാരിദ്ര്യമില്ല , സങ്കടങ്ങൾ ഇല്ല , കഷ്ടപ്പാടുകൾ ഇല്ല, കുംഭമേളകളിലെ തിരക്കുകൂട്ടിയ മരണങ്ങൾ ഇല്ല എന്തിനേറെ പറയുന്നു യുദ്ധം പോലുമില്ല. 

അങ്ങനെ വരുമ്പോൾ ഇക്കാണും മതസങ്കൽപ്പങ്ങൾ എല്ലാം തന്നെ സാത്താൻ വിരചിതമല്ലേ ?. നിങ്ങൾ മതഗ്രന്ഥങ്ങളിൽ അന്വേഷിച്ചാൽ കാണുക "ദൈവ"ത്തിൻ്റെ ലീലാവിലാസങ്ങൾ ആണ്. ദൈവം എന്നയാൾ നടത്തിയിരിക്കുന്ന ലൈംഗിക കേളികൾ , കൊലപാതകങ്ങൾ, അബദ്ധങ്ങൾ ഇവയാണ്.

"സാത്താനെ" ക്കുറിച്ച് ഒന്നോ രണ്ടോ വരികൾ മാത്രം .

 യഥാർത്ഥ ദൈവത്തിന് ഇത്തരം പബ്ലിസിറ്റിയുടെ ആവശ്യമുണ്ടോ? അത്തരം ഉഡായിപ്പ് പരിപാടികൾ "ദൈവം" എന്നറിയപ്പെടുന്ന സാത്താൻ നടത്തുന്നതായിരിക്കില്ലേ? യഥാർത്ഥ ദൈവം താരതമ്യേന നിഷ്കളങ്കനായതു കൊണ്ടല്ലേ ഇക്കണ്ട മതഗ്രന്ഥങ്ങളിലൊക്കെ ദൈവമായി സാത്താൻ നടിക്കുകയും പൂണ്ടു വിളയാടുകയും ചെയ്യുന്നത് കണ്ടിട്ടും തന്നെ സ്വയം പുകഴ്ത്താതെ സുഖങ്ങളുടെ കസ്റ്റോഡിയൻഷിപ്പ് കയ്യിൽ വെച്ചു കൊണ്ട് യാതൊരു വിധ " മാർക്കറ്റിംഗ് " ടെക്നിക്കോ പുസ്തകങ്ങളോ ഇല്ലാതെ സ്വയം ഉൾവലിഞ്ഞു കഴിയുന്നത്.? 

നമ്മുടെ മതഗ്രന്ഥങ്ങളിലെ ദൈവം യഥാർത്ഥ ദൈവമാണോ അതോ സാത്താൻ ദൈവവേഷം കെട്ടിയാടുന്നതോ? 

Comments

Popular posts from this blog

ആത്മാവ് നഷ്ടപ്പെട്ട ശരീരങ്ങൾ

മറഞ്ഞിരിക്കുന്ന ദംഷ്ട്രങ്ങൾ

ഗന്ധർവ്വ ക്ഷേത്രവും സർവം മായയും