"ജീ"വിതവും "ജി"കളും
ഒന്നാമത്തെ"ജി"
Get Married (കല്യാണം കഴിക്കുക)
"എന്താടാ നിൻ്റെ ആഗ്രഹം"
"നിക്ക് .... കല്യാണം കഴിച്ചാൽ മതി"
"ങാഹാ....ആരെയാ മോന്ന് കല്യാണം കഴിക്കേണ്ടെ"
"എനിക്ക് നദിയാ മൊയ്തു നെ കെട്യാ മതി
അയിനിപ്പം മൊയ്തുക്ക സമ്മതിക്കണ്ടെ? മാത്രല്യ പൊന്നാനി പോണം ..."
" ന്നാ കാർത്തിക മതി "
"ന്റെ പൊന്നു മോൻ യിപ്പം പത്താം ക്ലാസ് പാസാവ് ..... ന്നിട്ട് ആലോചിക്കാം .."
ചെറുപ്പം മുതലേയുള്ള ആശയായിരുന്നു എങ്ങനെയെങ്കിലും വലുതായി കല്യാണം കഴിക്കണമെന്നത്. ഗവർമെന്റ് 21 വയസ് മതി എന്നു പറഞ്ഞാലും പക്ഷെ നാട്ടുനടപ്പു പ്രകാരം കല്യാണപ്രായത്തിന് മിനിമം 25 കഴിയണം.
"നന്നായി പഠിച്ചു മാർക്ക് വാങ്ങി വല്ല ഡോക്ടറോ എഞ്ചിനീയറോ ആയാൽ മാത്രമേ നല്ല പെണ്ണിനെ കിട്ടോള്ളൂ " അപ്പച്ചൻ തുറുപ്പുചീട്ടിറക്കി.
വയസ് 32 ആയി പി.എസ് സി യും ശയന പ്രദക്ഷിണവും നടത്തുന്നുണ്ട്. ജോലി ആയില്ല . സ്ഥിരം പണിയും ശരിയായില്ല.
ശ്ശെന്തിന്..... ഒരു ലൈൻ പോലും സെറ്റായില്ല.
ദുരന്തജീവിതം
കൊള്ളാവുന്ന പെമ്പിള്ളാരെയൊക്കെ ചില മാക്കാച്ചി മോറൻമാർ കെട്ടിക്കൊണ്ടുപോകുന്നു. ......
മുരട്ടു സിംഗിളായി അവസാനിക്കുമോ ആഞ്ജനേയാ....
"ചേട്ടന് ഒരു കത്തുണ്ട്" പോസ്റ്റ് വുമൺ .
"അപ്പോയിന്റ്മെന്റ് ലെറ്റർ ആണെന്ന് തോന്നുന്നു". അവർ പറഞ്ഞു.
കത്തു പൊട്ടിച്ചു അപ്പോയിന്റ്മെന്റ് ലെറ്റർ ആണ് . ശയനപ്രദക്ഷിണം നടത്തിയതിന്റെ ഫലം.
"കുട്ടി മാരീഡാണോ" ഞാൻ പോസ്റ്റ് വുമണോട് ചോദിച്ചു.
*********
"ജീ"വിതവും ജികളും (ഭാഗം 2)
==========================
രണ്ടാമത്തെ "ജി" - Get a baby -
തൊള്ളായിരത്തി 70കൾ.....
"അവക്കിപ്പം പന്ത്രണ്ടാമത്തെയാ ...."
"അതു പിന്നെ തെക്കേല മാലതിക്ക് പതിനാലായി പന്ത്രണ്ടെങ്കിലും വേണ്ടെ ചേച്ചീ?"
വടക്കേലെ ഗോമതിച്ചേച്ചിയാണ്.
അവർ തമ്മിൽ ഇപ്പോഴത്തെ അജിത്തും വിജയും പോലെ മത്സരമാണ്. ഗോമതിയുടെ ഏറ്റവും ഇളയ കുട്ടിയെ പ്രസവിക്കുമ്പോൾ മൂത്ത മോളുടെ കുട്ടിക്ക് ഒന്നര വയസ്.
ടെക്നോളജിക്കും ഇന്റർനെറ്റിനും മുൻപുള്ള കാലഘട്ടത്തിലെ മനുഷ്യജീവിതങ്ങളുടെ എന്റർടെയിൻമെന്റ് . അത്തരം എന്റർടെയിൻമെന്റുകളുടെ അന്ത്യം എല്ലാവർഷവും ഒരു പൊങ്കൽ റിലീസ് ആണ്.
1952 ൽ കുടുംബാസൂത്രണം പ്രഖ്യാപിച്ചു , പക്ഷെ കേരളത്തിലെത്താൻ വർഷങ്ങൾ പിന്നെയും. ജനസംഖ്യ വിസ്ഫോടനം നടന്നുകൊണ്ടേയിരുന്നു. നെഹ്റുച്ചക്ക് ഈ ഗോമതി - മാലതി കോമ്പറ്റീഷൻ ഐറ്റത്തെക്കുറിച്ചെന്തറിയാൻ . അവസാനം ബക്കറ്റും കാശും കൊടുക്കാമെന്ന് പറഞ്ഞപ്പോൾ ചേട്ടൻമാർ ഇളകി. കള്ളു കുടിക്കാൻ കാശിനായി ഗോമതിച്ചേച്ചിയുടെ ഭർത്താവ് ഗോവർധൻ ചിറ്റപ്പൻ ഹെൽത്ത് സെൻററിൽ പോയി ബക്കറ്റും 50 രൂപയും വാങ്ങിച്ചു. ഗോമതിച്ചേച്ചി പിന്നെയും ഒന്നു പെറ്റു.
2000കൾ..
"ടെക്നോളജിക്കൽ എന്റർടെയിൻമെന്റ് (Technological Entertainment ) ആവിർഭവിച്ചതോടെ ജനങ്ങൾ ടിവിയിലേക്കും മൊബൈലിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കയും ശാരീരിക അധ്വാനത്തിന്റെ തോത് കുറയുകയും "ഉണ്ണി ഉൽപ്പാദന പ്രക്രിയക്ക് " കോട്ടം തട്ടുകയും ചെയ്യുന്നു."
കുളിർവെബ് സൈറ്റിൽ "ആധികാരിക" വിവരം പ്രസിദ്ധീകരിച്ചു
"അതുകൊണ്ടു തന്നെ ധാരാളം ശാരീരിക അധ്വാനവും സമയവും ആവശ്യപ്പെടുന്ന പ്രത്യുൽപ്പാദനപ്രക്രിയയിൽ പങ്കാളികളാകാനുള്ള താൽപര്യം കുറയുകയും കഴിയുമെങ്കിൽ അത് ഔട്ട്സോഴ്സ് ചെയ്യുവാനുള്ള പ്രവണത ഇന്ത്യയിലും കണ്ടു തുടങ്ങിയിട്ടുണ്ട്. വൈകി കല്യാണം കഴിച്ച നാഗരിക സ്ത്രീകളിൽ (Late Married Urban Woman) വരെ ഈ പ്രതിഭാസം എത്തിയിട്ടുണ്ട്." വെബ്സൈറ്റ് തള്ളു തുടർന്നു.
"എല്ലാത്തിനും കാരണം ഈ ഷാരുക്കാനാ"
അതിനും ഷാരൂഖ് ഖാന്റെ നെഞ്ചത്തോട്ട് ... അബ്രാം ജനിച്ചത് സറോഗേറ്റ് വഴിയാണത്രെ. പോരാത്തതിന് ഇപ്പം നയനതാരവും സറോഗേറ്റി. ഇനി ആണങ്ങളുടെ ആവശ്യമുണ്ടോ?. ഫേസ്ബുക്കിൽ കേശമാമൻ കുറിച്ചു
ഇവയൊന്നും ചിന്തിക്കാതെയും ഗൗനിക്കാതെയും സാധാരണ ജനങ്ങൾ അവർക്കിഷ്ടമുള്ളതു പോലെ തിന്നും കുടിച്ചും മദിച്ചും മരിച്ചും ജീവിച്ചു.
"കൊച്ചിന്റെ കാര്യം കേട്ടപ്പിന്നെ മരുമോളു പറയുവാ അവക്ക് വയ്യാ... ന്ന്. അവനാണെങ്കിൽ നേരോമില്ല. ഇതു നമ്മക്കു ചെയ്യാമ്പറ്റണ കാര്യോണാ ?" ഗോവർധൻ ചിറ്റപ്പൻ (ഇപ്പം വല്യപ്പൻ) കലിപ്പ് മോഡിൽ
പെറ്റിട്ടാൽ മാത്രം മതിയാ ... ഇതുങ്ങളെയൊക്കെ നോക്കണ്ടേ ?.. മരുമകൾ
" കഴിഞ്ഞതിന്റെ കണ്ടതാണ്"
പേരക്കുട്ടിയെ നോക്കാത്തതിന്റെ കലിപ്പാണ്. കുട്ടിയുടെ കാര്യങ്ങൾ നോക്കുന്നതിനായി മരുമകളുടെ ജോലികളയേണ്ടി വന്നതിന്റെ ദേഷ്യം.
"ഉണ്ണ്യൽപാദനത്തിൽ താൽപര്യമില്ല എന്നേ ഞാൻ പറഞ്ഞുള്ളൂ , പിന്നെ ഞാൻ മാത്രം മതിയോ .... അങ്ങേർക്ക് പണിയും ടെൻഷനും ഒഴിഞ്ഞിട്ട് നേരമില്ലല്ലോ?...." മരുമകൾ അമ്മായിയോട് പറഞ്ഞു.
"വീട്ടിലും ടാർഗറ്റ് ... " മകൻ പ്ലേറ്റ് തല്ലിയുടക്കാനായി എടുത്തു.
മരുമകൾ ഭർത്താവിനെ നോക്കി
" ജയ ജയ ജയ ഹേ"
*********
"ജീ"വീതവും "ജി"കളും (Part 3)
===============
മൂന്നാമത്തെ "ജി" - Get the Baby Married
"കുട്ടി പെൺകുട്ടിയാ...
"മോനേ... ഇപ്പം സമ്പാദിച്ചു തുടങ്ങിയാലെ മോളെ നേരെ ചൊവ്വേ കെട്ടിക്കാമ്പറ്റത്തോള്ളൂ . വല്ല ചിട്ടീം മറ്റോം ചേര് ഇനിയെങ്കിലും സമ്പാദിക്കാൻ " അമ്മച്ചി .
"കുടിച്ചും മുള്ളീം ജീവിച്ചാ മതിയാ, വല്ലോക്ക ഒണ്ടാക്കണം ഇല്ലേൽ പുള്ളേര് കിറിക്കിട്ട് കുത്തും" അനുഭവത്തിൻ്റെ അരയിൽ ഒരു പൈന്റൊളിപ്പിച്ചു കൊണ്ട് ഉപദേശിച്ചു കോരച്ചേട്ടൻ .
"സർ... ഞങ്ങൾക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാനുണ്ട് ഇപ്പം മന്ത്ലി അടച്ചാൽ 20 വർഷം കഴിഞ്ഞ് ലംപ്സം പിൻവലിക്കാം. ഇൻഷുറൻസും കിട്ടും." ബാങ്ക് മാനേജർ..
" സ്വർണം പർച്ചേസ് ഇൻസ്റ്റാൾമെന്റ് സ്ക്കീം ഉണ്ട് . ഞാൻ മോനോടു പറയാം" പാപ്പിച്ചേട്ടൻ.. മകൻ സ്വർണക്കടയിലെ സെയിൽസ്മാനാണ് .
അവൾ വളർന്നു ഓമനക്കുട്ടിയായി ച്ചുന്ദരി മോളായി കല്യാണപ്രായമായി.
"22 ൽ വേണം ഇല്ലെങ്കിൽ മംഗല്യ യോഗം പിന്നെ 40 ലേ ഉള്ളൂ " ജ്യോത്സ്യൻ ഭീഷണി മുഴക്കി. ബന്ധുക്കൾ ആലോചനകളുമായി വന്നു.
"എന്റെ നാത്തൂന്റെ മോനുണ്ട് , ബംഗളൂരാ ....." അമ്മായി
"നിക്കിപ്പം ... കല്യാണം വേണ്ടപ്പാ"
"ന്താ കാര്യം? വല്ലോരുമൊണ്ടാ?"
"അതല്ല ...എനിക്ക് പഠിക്കണം ... .ഇനീം ... . ജോലി വാങ്ങണം."
"അതിനു കല്യാണം കഴിഞ്ഞും പഠിക്കാല്ലാ".
"ന്നിട്ട് .... ചേച്ചീനെ ചേട്ടൻ വിട്ടാ..?"
ചോദ്യാണ്.
കല്യാണം കഴിഞ്ഞും പഠിപ്പിക്കാം എന്ന ഓഫറുമായി കെട്ടിക്കൊണ്ടുവന്നതാണ്. കോളേജിൽ പോയി രണ്ടു മാസം തികയും മുൻപ് തന്നെ വിശേഷമായി. ഇപ്പം രണ്ടു വർഷമായി. പഠനത്തെക്കുറിച്ച് ചിന്തിക്കാൻ ചേച്ചിക്കു നേരമില്ല.
"നീയാര് ഫെമിനിസ്റ്റാണാ ?"
ചേട്ടൻ കലിച്ച് നിൽക്കുന്നു.
" കാര്യം പറഞ്ഞാൽ ഫെമിനിസ്റ്റും അഹങ്കാരിയും തന്റേടിയുമാണല്ലോ, അല്ലേ അപ്പാ"
അവൾ പറയുന്നതും ശരിയാണ്. അവളുടെ ജീവിതം , അവളുടെ സ്വപ്നങ്ങൾ, അവളുടെ തീരുമാനങ്ങൾ . അവൾ ജീവിക്കട്ടെ, വളരട്ടെ ... വാനോളം...
"മോളു പൊക്കോ....നാഗവല്ലിയാവണ്ട."
അപ്പൻ പുഞ്ചിരിച്ചു. "നിനക്കെന്നു തോന്നുന്നോ അന്നു മതി . ജീവിതത്തിൽ ഏറ്റവും വലുത് സ്വന്തം സന്തോഷമാണ്."
****
"ജീ"വിതവും "ജി"കളും (Part 4)
===================
നാലാമത്തെ ജി - Go Holidays
ഫേസ്ബുക്ക് ഇൻസ്റ്റയില്ലാത്ത ജീവിതം എന്തോ യില്ലാത്ത പോലെയാകുന്നു..
ടൂർ പോയ ഫോട്ടോകൾ സ്റ്റാറ്റസ് ഇട്ടതിനു ശേഷം കുട്ടികൾ ചോദിച്ചു
"അടുത്തത് എങ്ങോട്ടാ പോണത്? " അവർ ത്രില്ലിൽ.
3G യിൽ ജീവിതം ഹോമിച്ച തലമുറയിൽ നിന്നുമുള്ള പാഠം ഉൾക്കൊണ്ട് പിൻമുറക്കാർ സൃഷ്ടിച്ച ഒരു ജീവിതക്രമം . കന്യാകുമാരിക്കും മൂന്നാറിനുമപ്പുറം ദേശങ്ങൾ കാണുന്നതിനും ജീവിതം അനുഭവിക്കുന്നതിനുമായി അവർ യാത്രകൾ പോയി.
ജീവിതം ആഘോഷിക്കണം. സങ്കടങ്ങളും സന്തോഷങ്ങളും ആഘോഷിക്കണം..... സാഗർ കോട്ടപ്പുറം പറഞ്ഞു.
കച്ചവടം പൊടിപൊടിച്ചു പിന്നെയും യാത്രകൾ, സ്റ്റാറ്റസുകൾ
നിനച്ചിരിക്കാതെ ആ അതിഥി ഒരു ഗുഹയിൽ നിന്നും സുഖ സുഷുപ്തിയിൽ നിന്നുമുണർന്ന് സംഹാര താണ്ഡവമാടി - കോവിഡ് .
മനുഷ്യർ മരിച്ചു വീണു.
ശാസ്ത്രജ്ഞർ അന്തം വിട്ടു
രാജ്യങ്ങൾ പരസ്പരം കുറ്റപ്പെടുത്തി.
"ജി" ലോക്ക് ഡൗൺ പ്രഖ്യാപിച്ചു
ജനങ്ങൾ തടവറയിൽ ആയി. ഭക്ഷണം കിട്ടാതെ തെരുവുനായകൾ ചത്തൊടുങ്ങി.
കച്ചവടം താറുമാറായി.
അതുവരെ ലാഭം പങ്കിട്ടെടുത്ത കുത്തിത്തിരിപ്പു ബന്ധുക്കൾ തനിനിറം കാട്ടി.
സർക്കാർ കോവിഡ് മോറട്ടോറിയവും പദ്ധതികളും പ്രഖ്യാപിച്ചു. പക്ഷെ കച്ചവടക്കാർ പിന്നെയും പട്ടിണിയിൽ .
ലോക്ക് ഡൗൺ മാറി.
പക്ഷെ കച്ചവടം പൊടി പിടിച്ചു.
സ്വർണമാലകൾ മുക്കുമാലകൾ ആയി .
"ആദ്യം ഈ കടം തീർക്കട്ട്"
കടം തീർക്കാനായി കിട്ടാനുള്ള തുകകൾക്കായി ഓട്ടം തുടങ്ങി. ജില്ലകളും സംസ്ഥാനവും വിട്ടുള്ള നെട്ടോട്ടം. വിളിച്ചാൽ ഒരുത്തനും ഫോണെടുക്കില്ല.
അവസാനം ദൈവം ആശ്രയം. മധുരമീനാക്ഷി ക്ഷേത്രം, രാമേശ്വരം തീർത്ഥയാത്രകൾ .
"ആകെ പൊളിയാണല്ലാ..." വാട്ട്സാപ്പിൽ സ്റ്റാറ്റസ് കണ്ട് കൂട്ടുകാരി മെസേജ് ചെയ്തു.
ആകെ പൊളിഞ്ഞെടീ.... റിപ്ലൈ മെസേജിട്ടു.
പത്രത്തിൽ ബാങ്കുകാർ സർഫാസി നോട്ടീസുമിട്ടു .
*****
" ജീ" വിതവും " ജി" കളും.(Last Part)
====================
അഞ്ചാമത്തെ "ജി"- Go Separate
ലൊക്കേഷൻ:
കൊച്ചി നഗരത്തിലെ ഒരു കഫെ കോഫി ഡേ
"ലെറ്റ്സ് ബ്രേക്കപ്പ് .... വി കാണ്ട് ഗോ ടുഗദർ" അവൾ .
"ആർ യു ഷുവർ? ഇഫ് സോ, ഇറ്റ്സ് ഒകെ
വൈകിട്ട് ബ്രേക്കപ്പ് പാർട്ടിയാവാം ..." അവൻ
കാത്തിരുന്നതു പോലെ .
"അല്ലെങ്കിലും ഈ റെസ്പോൺസിബിലിറ്റി .... ഇറ്റ് സക്ക്സ് ... ." അവൻ
ലൊക്കേഷൻ ചേഞ്ച് (സാങ്കൽപ്പികം )
*****@
"അന്ന് അപ്പച്ചനും അമ്മച്ചിയും അങ്ങനെ വിചാരിച്ചിരുന്നെങ്കിൽ ഇന്ന് കോഫീ ടേബിളിനു മുന്നിൽ ഇരുന്ന് നിങ്ങളൊന്നും ഇങ്ങനെ ..." മധ്യസ്ഥൻ
"അതെല്ലാം ഇൻഡിവിജ്വൽ ചോയിസല്ലേ . ഈദർ പാരന്റിംഗ് ഓർ കരിയർ നോട്ട് ബോത്ത്."
"ആരു പറഞ്ഞു. പണ്ടൊക്കെ എല്ലാവരും ഇങ്ങനെയൊക്കെ തന്നെയല്ലേ ചെയ്തിരുന്നത്."
"ബട്ട് ... ഇന്നത്തെയത്രേം കോംപ്ളിക്കേറ്റഡ് അല്ലായിരുന്നൂലോ..."
അതു മാത്രോല്ല ...അവന്റെ ഹെഗിമണി ... അൺസഹിക്കബിൾ"
"എന്റെ എല്ലാ കാര്യത്തിലും അവന്റെ ഇടപെടലാ അമ്മേ..ഹി ഈസ് സോ പൊസസീവ് ആന്റ് മാഡ് . അയാക്കെല്ലാമാവാം .. ഫ്രണ്ട്സ്, ഡ്രിംഗ്സ്, പാർട്ടി ഒക്കെ . സ്റ്റുപ്പിഡ് മെയിൽ ഷോവനിസ്റ്റ്."
"അങ്ങനെ സഹിച്ചു ജീവിക്കേണ്ട സാഹചര്യം താങ്ക് ഗോഡ് ഇപ്പോ ഇല്ല ...
അമ്മച്ചി സഹിച്ച പോലെ ..
ആം നോട്ട് റെഡി."
"അവൾക്ക് എല്ലാത്തിലും സംശയമാ,
ഐ ഹാവ് മെനി ഓപ്ഷൻസ് ഞാനെന്തിനാ?.."അവൻ
"അപ്പോ കുട്ടികളുടെ കാര്യം ?..."
" ത്രീജി" ..... വഴിപോക്കൻ.
"ഇപ്പം 5G ആയി .."
.
(5G series )
******
Comments
Post a Comment