ഒരു ന്യൂഇയർ ട്രിപ്


Warning: കൊറോണ വന്നതിനു ശേഷം പനിയുടെ സ്വഭാവം മാറിയിരിക്കുന്നു. ചെറിയ ജലദോഷം പോലും ന്യൂമോണിയയായി മാറാൻ സാധ്യത വളരെയധികമായിരിക്കുന്നു. സമയത്ത് ചികിത്സിച്ചില്ലെങ്കിൽ സൂചിക്ക് പകരം തൂമ്പയെടുക്കേണ്ടി വരും.
ഡിസംബർ 31,2022

ന്യൂ ഇയർ ആഘോഷിക്കാം എന്നു കരുതിയിരിക്കുമ്പോഴാണ് 31 ന്
ശനിയാഴ്ച വെളുപ്പിന് അച്ഛന്റെ കോൾ . ഹൃദയം ഉച്ചത്തിൽ മിടിച്ചു.

നീ വേഗം വന്നെന്നെ ആശുപത്രിയിൽ കൊണ്ടുപോ .... ശ്വാസം മുട്ടിയിട്ടു വയ്യ
അച്ഛൻ ചുമച്ചു കൊണ്ടു പറഞ്ഞു.

മോനേ ... അമ്മക്കും സുഖമില്യ ട്ടോ. കഴിവതും അച്ഛനെ അഡ്മിറ്റ് ചെയ്യണ്ട. പോകുന്നേരം അമ്മ പറഞ്ഞു.

വേൽകെയർ ഹോസ്പിറ്റലിൽ ചെന്നതേ കാഷ്വാൽട്ടിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർ വന്ന് അടിസ്ഥാന പരിശോധനകൾ നടത്തി. ഏതാനും മാസം മുൻപ് വെട്ടിയിട്ട വാഴത്തണ്ട് കണക്കെ കിടത്തിയ അതേ ബെഡ്. അതിൽ തന്നെയായിരുന്നു ; അച്ഛൻ. എന്നാൽ അന്നത്തെ ആധി എനിക്കുണ്ടായില്ല. അത്ര സീരിയസ് അല്ലായിരുന്നു. അവസ്ഥ എന്നതായിരിക്കാം ഒരു കാരണം.

"അതേയ്" കാഷ്വൽട്ടി ഡോക്ടർ വിളിച്ചു.
 " അച്ഛനെ അഡ്മിറ്റ് ചെയ്യാനാണ് അച്ഛനെ നോക്കുന്ന സീനിയർ ഡോക്ടർ പറഞ്ഞത്. പക്ഷെ സീനിയർ ഇനി തിങ്കളാഴ്ചയേ ഉളളൂ. "

"അദ്ദേഹമില്ലെങ്കിൽ എന്തിനാണ് അഡ്മിഷൻ ?"
ഞാൻ ചോദിച്ചു.
"ഞാനൊന്ന് ആലോചിക്കട്ടെ"

കാഷ്വൽട്ടി ബെഡിൽ ഇരുന്ന കഥാനായകൻ എന്നെ നോക്കി. ശ്വാസം മുട്ടിക്കൊണ്ട് , നിശബ്ദനായി, ദയനീയമായി.

അമ്മയോട് തർക്കിക്കുന്ന, ചാടിത്തിമിർക്കുന്ന, ഒച്ച വെച്ച് സംസാരിക്കുന്ന,
നിങ്ങളെന്തിനാണ് എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയത് എന്ന് രോഗം ഭേദമായപ്പോൾ
ചോദിച്ച അച്ഛൻ; 
ഹോസ്പിറ്റൽ ബെഡിൽ ...ലോകത്തെ സകലമാന കരുണ രസം മുഖത്ത് ആവാഹിച്ച് കൊണ്ട്...

അമ്മയെ വിളിച്ചു. കാര്യം പറഞ്ഞു.
റെഡിയാകു ഹോസ്പിറ്റലിൽ ബൈ സ്റ്റാൻഡർ ആയി 2022 അവസാനിപ്പിക്കാം. 

അഞ്ചു ദിവസം വെൽ കെയർ ഹോസ്പിറ്റലിൽ ടൂർ പോകാം. റൂം നമ്പർ 7003ഇൽ നിന്നും കൊണ്ട് നഗരം ആസ്വദിക്കാം.

************
ജനവരി 4, 2023

"ഹാപ്പി ബർത്ത ഡേ അമ്മച്ചീ"
ഞാൻ അമ്മയെ ഫോൺ ചെയ്തു.

അമ്മയ്ക്കും പനി കിട്ടിയതിനാൽ രോഗികൾ ഒരുമിച്ചായിരുന്നു വേൽകെയറിൽ 

ഇന്ന് ബർത്ത്ഡേ ആയിരുന്നല്ലോ..ഞാൻ ഓർത്തില്ല. അമ്മ പറഞ്ഞു

കഴിഞ്ഞ 42 വർഷത്തിനിടയിൽ ആദ്യമായാണ് ഞാൻ അമ്മയെ ബർത്ത്ഡേ ആദ്യം വിഷ് ചെയ്യുന്നത്, അതും കഴിഞ്ഞ കൊല്ലം കലണ്ടറിൽ സെറ്റ് ചെയ്തതിനാൽ.കളത്രം അവളുടെ ബർത്ത്ഡേ ചൊല്ലി പരിഭവിച്ചപ്പോളാണ് എനിക്ക് ഈ ഐഡിയ തോന്നിയത്. എന്തായാലും വർക്കൗട്ട് ആയി.

"അതേ...ചേട്ടാ ഇന്നെൻ്റെ ബർത്ത്ഡേയാണ്"
അച്ഛനോടായി അമ്മയുടെ ശബ്ദം ഫോണിൻ്റെ അങ്ങേതലയ്ക്കൽ..
മറുപടി കേട്ടില്ല
എന്താണ് അവിടെ പറഞ്ഞത് എന്ന് ഞാൻ ഊഹിച്ചു
 അച്ഛൻ ഫോണിൽ നിന്നും വിരലും കണ്ണുമെടുക്കാതെ "ങ്ങാ..." എന്നു പറഞ്ഞു കാണും.

ചില പുരുഷന്മാർ, പാത്രിയർക്കീ്കൾ , അങ്ങനെയാണു. തനിക്കും കുടുംബത്തിനും വേണ്ടി ജീവിതം ഹോമിക്കുന്ന പാവം സ്ത്രീകളെ കണ്ടില്ലെന്നു നടിച്ചു കളയും. 

"ഞാനില്ലാതാവുമ്പോൾ നിങ്ങൾ അറിയും..."

നിസ്സഹായരായ എത്രയോ ഭാര്യമാർ പറഞ്ഞ വാക്കുകൾ. പങ്കാളി പോയപ്പോൾ ചിറകൊടിഞ്ഞ ജീവിക്കാൻ മറന്ന എത്രയോ ഭർത്താക്കന്മാർ. ജീവിച്ചിരിക്കുമ്പോൾ ഭർത്താവിൻ്റെ വഴക്ക് കേൾക്കുകയും, തല്ല് പിടിക്കുകയും ചെയ്ത എന്നാൽ ജീവിക്കാൻ മറന്ന എത്രയോ കുലജന്മങ്ങൾ. പങ്കാളിയോടൊത്ത ഓരോ നിമിഷവും ആസ്വാദ്യകരമായ ഒന്നാകണം എന്ന് ഇവർ എന്നാണ് മനസ്സിലാകുക

"ഇന്ന് ഡിസ്ചാർജ് ചെയ്യാമെന്നാണ് ഡോക്ടർ പറഞ്ഞത്"

"ശരി., ബില്ല് കാർഡിൽ നിന്നും അടച്ചോളൂ"
ഡിസ്ചാർജ് ആയപ്പോൾ വൈകീട്ട് 4 മണിയായി.

" ഇതെത്രാമത്തെ പ്രാവശ്യമാണ്?
എന്താണ് ഒരു ശ്രദ്ധയുമില്ലാത്തത് ?
പറഞ്ഞാൽ അനുസരിക്കാൻ എന്തിനാണിത്ര വൈക്ലബ്യം?
സമയത്ത് ഡോക്ടറെ കണ്ടിരുന്നെങ്കിൽ ഇങ്ങനെ വരുമായിരുന്നോ? വെച്ചൊണ്ടിരുന്നിട്ടല്ലെ?
ഇനിയിങ്ങനെ സംഭവിച്ചാൽ എന്നെ നോക്കെണ്ട കേട്ടോ. ...
പ്രായമാകുമ്പോൾ അനുസരണക്കേട് കൂടുമോ?
അച്ഛനു ചുമ്മാ കിടന്നാൽ മതിയല്ലോ? ബാക്കിയുള്ളവരല്ലേ കഷ്ടപ്പെടുന്നത്.? 

ഇങ്ങനെ അച്ഛനെ വഴക്ക് പറഞ്ഞു കൊണ്ടാണ് ഞാൻ അച്ഛനെ വീട്ടിലേക്ക് കൊണ്ട് പോയത്. ഞാൻ പറഞ്ഞ വഴക്കുകളെല്ലാം തെറ്റു ചെയ്ത കുട്ടിയെപ്പോലെ കേട്ടിരുന്നു.
പണ്ട് എനിക്കു കിട്ടിയ വഴക്കുകളൊക്കെ തിരിച്ചു കൊടുത്തു കണക്കു തീർക്കുകയായിരുന്നു.
 
********

Comments

Popular posts from this blog

ആത്മാവ് നഷ്ടപ്പെട്ട ശരീരങ്ങൾ

മറഞ്ഞിരിക്കുന്ന ദംഷ്ട്രങ്ങൾ

ഗന്ധർവ്വ ക്ഷേത്രവും സർവം മായയും