വീണ്ടും ഒരു മുടിവെട്ട് കഥ
ബർബർ ഷാപ്പ് നന്ദപ്പൻ എന്ന നന്ദനൻ ചേട്ടൻ്റെ ചേട്ടൻ രാധാകൃഷ്ണൻ ഹൈദരാബാദിൽ അപകടത്തിൽ വെച്ച് മരണപ്പെട്ടതിനു ശേഷം ആണ് നന്ദപ്പൻ ചേട്ടന്റെ മുടിവെട്ട് കട ഏറ്റെടുത്തു നടത്തുവാൻ തുടങ്ങിയത്. നന്ദപ്പൻ ചേട്ടൻ അതുവരെ മാടവനയിൽ ആയിരുന്നു കട നടത്തിയിരുന്നത്. ഞാൻ കുഞ്ഞായിരുന്നപ്പോൾ മുതൽ എന്റെ ഹെയർ സ്റ്റൈലിസ്റ്റ് രാധാകൃഷ്ണൻ ചേട്ടൻ ആയിരുന്നു. ചേട്ടൻ മരിച്ച വാർത്ത എന്റെ പിഞ്ചു മനസ് വേദനയോടെയാണ് കേട്ടത്.
"അയ്യോ... ഇനിയെന്റെ മുടിയാരു വെട്ടുവേ..."
നന്ദപ്പൻ ചേട്ടൻ കട തുറന്നതിൽ പിന്നെയാണ് സമാധാനമായത്
*****
അന്നൊരു ഓണ അവധിക്കാലമായിരുന്നു. തല നിറച്ചു മുടിയുമായി നന്ദപ്പൻ ചേട്ടന്റെ കടയിൽ ഞാൻ ചെന്നു.
"എന്താടാ... പറ്റേണാ,
ഈ തല കഴിയട്ടെ അവിടെയിരി"
കസേര കാട്ടി ചേട്ടൻ പറഞ്ഞു.
( തലയോട്ടി ചേർത്തു വെട്ടുന്ന പാറ്റേൺ ആണ് "പറ്റെ " എന്ന സ്റ്റൈൽ.)
ചേട്ടൻ വെട്ടിക്കൊണ്ടിരിക്കുന്ന തലയിൽ കുറച്ചു വെള്ളം സ്പ്രേ ചെയ്തു. വെള്ളത്തുളളികളുടെ അവശിഷ്ട കണങ്ങൾ വായുവിലൂടെ പറന്ന് എന്റെ മുഖത്തിനെ തണുവണിയിച്ചു.
അതിന്റെ സുഖത്തിൽ കസേരയിൽ കിടന്നിരുന്ന നാന മാസിക തുറന്നു .
സിൽക്ക് സ്മിത മദാലസ മന്ദസ്മിതം തൂകുന്നു. പേരറിയാ മാദകനടിയുടെ പടമുള്ള സെന്റർ പേജെത്തിയപ്പോൾ ....
"ഡാ..."
ഞാൻ ഞെട്ടി.
നന്ദപ്പൻ ചേട്ടൻ നാന വാങ്ങി അലമാരിയിൽ വെച്ചു.
"ആവട്ടെ ... ട്ടാ"
ഒരു ചിരിയും. ഞാൻ ഒന്നുമറിയാത്ത നിഷ്കളങ്ക ബാലനായി ഇരുന്നു.
എന്റെ മുടി വെട്ടാനായി കസേര വൃത്തിയാക്കുന്ന സമയത്താണ്
മാധവൻ വല്യച്ഛ ഓടിക്കിതച്ചെത്തിയത്.
"നീയെനിക്ക് അത്യാവശ്യമായി മുടി വെട്ടണം"
"ഇവന്റെ കഴിയട്ടെ" നന്ദപ്പൻ
" അവനു പിന്നെയായാലും വെട്ടാല്ലാ..." വല്യച്ഛ തർക്കിച്ചു.
" വേണ്ട, അത്യാവശ്യമല്ലേ ... മാധവൻ വല്യച്ഛ ഇരുന്നോളൂ"
ഞാൻ മാറിക്കൊടുത്തു.
ഞങ്ങളുടെ അയൽപക്കമായിരുന്നു അദ്ദേഹം അച്ഛനേക്കാൾ പ്രായമുള്ളതു കൊണ്ട് ഞാൻ വല്യച്ഛനെന്നായിരുന്നു വിളിച്ചിരുന്നത്.
കസേരയിലേക്കു പോകും വഴി ഞാൻ അലമാരയിൽ നിന്നും നാന ചൂണ്ടി.
കണ്ണാടിയിൽ കൂടി അത് നന്ദപ്പൻ ചേട്ടൻ കണ്ടു.
" വായിച്ചോ ....ടാ" ചെറു കുസൃതിച്ചിരിയുമായി ചേട്ടൻ മുടി വെട്ടിത്തുടങ്ങി.
ഞാൻ സെന്റർ പേജും പിന്നിട്ട് മേക്കപ്പ്മാൻ എം. ഓ. ദേവസ്യയുടെ തള്ളു കഥകൾ ഖണ്ഡശ: പ്രസിദ്ധീകരിച്ചിരുന്നത് വായിച്ച് കോൾമയിർ കൊണ്ടു.
മുടി വെട്ടുകഴിഞ്ഞ് മാധവൻ വല്യച്ഛ കടയിൽ നിന്നും ഇറങ്ങി
". നീയെന്തിനാ മാറിക്കൊടുത്തെ ?"
നന്ദപ്പൻ ചേട്ടൻ എന്നെ ചോദ്യം ചെയ്തു.
"വല്യച്ഛനല്ലേ... എന്തെങ്കിലും അത്യാവശ്യം കാണും . അതാ ..."
ഒരു നന്മ ചെയ്ത സന്തോഷത്തിൽ ഞാൻ ബാർബർ കസേരയിൽ ഇരുന്നു.
ചേട്ടന്റെ സ്പ്രേയിൽ നിന്നും ജലത്തുള്ളികൾ മുടിയിഴകളെ കുളിരണിയിച്ച് അറക്കലിനായി ഒരുക്കി. കത്രിക വെകിളിപിടിച്ചതു പോലെ അറഞ്ചം പുറഞ്ചം "പറ്റെ" വെട്ടി .
ഷേവിംഗ് കത്തിയിൽ ബ്ലൈഡ് മാറ്റി കുഞ്ചിരോമങ്ങളും ചെത്തി രോമങ്ങളും വൃത്തിയാക്കി.
"ഷേവ് ചെയ്യണാടാ ..?"
ചേട്ടൻ കുസൃതിയോടെ ചോദിച്ചു, ഞാൻ നാണത്താൽ ചൂളി .
മുടിവെട്ടിക്കഴിഞ്ഞ് ഞാൻ പുറത്തിറങ്ങി. കടയുടെ കോലായിൽ ഒരു കാജാ ബീഡിയും പുകച്ച് വല്യച്ഛ ഇരിപ്പുണ്ടായിരുന്നു.
"വല്യച്ഛ പോണില്ലേ?"
ബീഡിപ്പുക ആവിയെഞ്ചിൻ കണക്കെ പുറം തള്ളി. ഒരു ഗന്ധർവൻ മയം
"നിന്നോട് ഞാമ്പറഞ്ഞതല്ലേ വെട്ടാൻ . ഇതയ്യാക്കട സ്ഥിരം പരിപാടിയാണ്."
നന്ദപ്പൻ ചേട്ടൻ മുടി വേസ്റ്റുകൾ അടിച്ചു മൂലയ്ക്കിട്ടു.
******""""""
Super
ReplyDelete