Death of a Dove
കാർ റോഡിലേക്ക് തിരിഞ്ഞു. മഴയിൽ കുതിർന്ന റോഡ്. പെട്ടെന്ന് ഞാൻ വണ്ടി സ്ലോ ആക്കി. പറക്കാൻ പറ്റാതെ ഒരു പ്രാവ് റോഡിൽ നിൽക്കുന്നു. തന്റെ വശങ്ങളിൽ കൂടി പാഞ്ഞുപോകുന്ന വണ്ടികളിൽ തട്ടാതെ അവൻ ജീവഭയത്തോടെ തെന്നി മാറുന്നുണ്ടായിരുന്നു.
അവനെ തട്ടാതെ, ടയറിലുരസ്സാതെ ഞാൻ വണ്ടി നിറുത്തി. പുറകെ വന്ന കാർ എന്റെ വണ്ടിയെയോ, ആ പ്രാവിനെയോ തട്ടാതെ കടന്നു പോയി.
ഡോർ തുറന്നു റോഡിലെ ബീഭത്സമായ അവസ്ഥയിൽ നിന്നും അവനെ രക്ഷിക്കാൻ തീവ്രമായി ഞാൻ ആഗ്രഹിച്ചു. കാറിനുള്ളിലെ സുഖശീതളമായ അവസ്ഥ എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു. എന്നിലെ സ്വാർത്ഥൻ, സുഖലോലുപൻ ഉണർന്നു വിലക്കി.
വെറുതെ ഞാനെന്തിന് ഇറങ്ങി വേണ്ടാത്ത പണിക്കു പോകണം?. അതിനോട് തിരക്കുള്ള റോഡിൽ ഇറങ്ങാൻ ആരു പറഞ്ഞു?. അവന്റെ വിധിയാണത്. ലോകത്തു ജീവിക്കുവാനുള്ള അർഹത നഷ്ടപ്പെട്ടു കഴിഞ്ഞവൻ. കാലഹരണപ്പെട്ടവൻ.
മഴയിൽ കുതീർന്ന ചിറകടിക്കുവാൻ അവൻ ശ്രമിച്ചു. കഴിഞ്ഞില്ല. കുറെയധികം.ഒരുകാലത്ത് ഉയരങ്ങൾ താണ്ടുവൻ താങ്ങായിരുന്ന ചിറകുകൾ ചേതന നഷ്ടപ്പെട്ടതായി കാണപ്പെട്ടു. തനിക്ക് ആസന്നമായ വിധിയെ തിരിച്ചറിഞ്ഞതു കെണ്ടാണോ എന്തോ, പിന്നീടവൻ ആ ശ്രമവും അവസാനിപ്പിച്ചത് പോലെ തോന്നി.
റോഡിൽകൂടി വാഹനങ്ങൾ കടന്നുപോയി. അതിനുള്ളിലെ ജന്മങ്ങൾ വേറെ ചുമരുകൾക്കുള്ളിലാണ്. ചുമരുകൾക്കുള്ളിലെ ചുമരുകൾ. ചില്ലുകൂട്ടിലടക്കപ്പെട്ട പ്രാവ് ജന്മങ്ങൾ. തങ്ങൾക്ക് കിട്ടാനുള്ള വഗ്ദത്ത ഭൂമിയുടെ സ്വപ്നവും പേറി പ്രതീക്ഷയോടെ പായുന്നു. ആ ചുവരുകൾക്കിപ്പുറം ഭയാനകമായ ഇരമ്പലുകൾക്കിടയിൽ ഒരു പ്രാവ് ജന്മം
വരാനിരിക്കുന്ന, വന്നുകൊണ്ടിരിക്കുന്ന അനിവാര്യത, ഭീതിദമായ ഇരമ്പലായി. കാലവും ഇരമ്പുന്നുണ്ടായിരുന്നു. സുമുഖനായ മരണം പ്രാവിന്റെയടുത്തേക്കു സാവധാനം വന്നടുക്കുണ്ടായിരുന്നു. മരണത്തിനു ധൃതിയുള്ളതായി തോന്നിയില്ല. അനാദികാലം മുതലുള്ള ജോലിയായതിനാലാവാം ഒരു നിർനിമേഷത മരണത്തിന്റെ മുഖത്തു തെളിഞ്ഞിരുന്നു.
ഒരു ചെറുപ്പക്കാരൻ നിന്നിരുന്നു. . റോഡരുകിൽ അയാൾ തന്റെ കയ്യിലിരുന്ന ഫോണിൽ നോക്കി പുഞ്ചിരിക്കുകയായിരുന്നു. നിസ്സഹായനായ പ്രാവിനെ അയാൾ അൽപനേരം നോക്കി. തൻ്റെ മുന്നിലെ സ്ക്രീൻ ഉയർത്തിയ തടവറയിൽ നിന്നും അയാൾക്ക് പക്ഷേ മോചനം ലഭിച്ചില്ല.
ലോകം മുഴുവൻ ചതുരപ്പെട്ടികളുടെ അറകൾക്കുള്ളിൽ. ശരീരം മാത്രം പുറത്ത്. ആത്മാവും ചിന്തകളും വിചാരങ്ങളും ആ കുഞ്ഞുപെട്ടിക്കുള്ളിൽ തടവിലാക്കപ്പെട്ടിരുന്നു. മായികമായ പിക്സലുകൾ വർണാഭമായ ദൃശ്യ പൊട്ടുകളാൽ മയക്കുമരുന്നിനെ പോലെ അടിമയാക്കുന്നു.
ആ ചെറുപ്പക്കാരൻ പ്രാവിനെ രക്ഷിക്കുന്നതായി ഞാൻ ദിവാസ്വപ്നം കണ്ടു. എനിക്കെളുപ്പം അതായിരുന്നു. പ്രാവിനെ രക്ഷിക്കുന്നത് അതിലും ബുദ്ധിമുട്ടേറിയതാണല്ലോ.
മരണം പ്രാവിന്റെ നേർക്ക് കൈകൾ നീട്ടുന്നത് ഞാൻ കണ്ടു. ഒരു കാർ കടന്നുപോയി. ചക്രങ്ങൾ ഞെരിഞ്ഞു.
"ടക്"
മരണത്തിന്റെ ഒരു ശബ്ദം. നെഞ്ചിൻകൂടു തകരുന്ന ശബ്ദം. ഒരു ചെറിയ മുട്ട പൊട്ടുന്നതുപോലെ.
പ്രാവ് സ്വതന്ത്രനായി. അവന്റെ ചിറകുകൾ വിടർന്നു. വാനിലേക്കു പറന്നുയർന്നു. ആരും കാണാതെ. ഇനിയാർക്കും കാണാനാവാതെ.
ഞാൻ കാർ മുന്നോട്ടെടുത്തു. ഉയരങ്ങൾ താണ്ടുവാൻ. എൻ്റെ ചിറകുകൾ വെമ്പൽ കൊണ്ടു, മറ്റൊരു മഴ എന്നെയും റോഡിൽ വീഴ്ത്തുന്നതു വരെ പറക്കാൻ.
*******
Comments
Post a Comment